ന്യൂഡൽഹി: ലോക്പാലിന്റെ അധികാരങ്ങളും നിയമപരമായ നിയന്ത്രണങ്ങളും സമഗ്രമായി പരിശോധിക്കാൻ സുപ്രീംകോടതി. ലോകായുക്ത നിയമത്തിലെ സെക്ഷൻ 20ന്റെ വ്യക്തത തേടി ലോക്പാൽ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കുറ്റാരോപിതനായ പൊതുപ്രവർത്തകന്റെ വാദം കേൾക്കൽ, വിചാരണ, പ്രത്യേക അന്വേഷണ ഏജൻസികൾക്ക് അന്വേഷണം കൈമാറൽ തുടങ്ങിയ വിഷയങ്ങളാണു സെക്ഷൻ 20 കൈകാര്യം ചെയ്യുന്നത്.
തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങിയെന്ന ആരോപണത്തിൽ ലോക്പാൽ സ്വീകരിച്ച നടപടിയാണ് വിഷയത്തിന്റെ അടിസ്ഥാനം. മഹുവയ്ക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്കു ലോക്പാൽ അനുമതി നൽകിയിരുന്നു. എന്നാൽ 2025 ഡിസംബറിൽ ഡൽഹി ഹൈക്കോടതി ഈ നിർദേശം റദ്ദാക്കി. ഇതിനെതിരേയാണു ലോക്പാൽ സുപ്രീംകോടതിയെ സമീപിച്ചത്. സെക്ഷൻ 20 പ്രകാരം അനുമതി നൽകാനുള്ള ലോക്പാലിന്റെ അധികാരത്തെക്കുറിച്ചുള്ള ഹൈക്കോടതി വ്യാഖ്യാനവും സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചോദ്യം ചെയ്തിട്ടുണ്ട്.
മഹുവയുടെ ഭാഗം കേൾക്കാതെയാണു ലോക്പാൽ സിബിഐക്കു നിർദേശം നൽകിയതെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തത്. ലോകായുക്ത നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വിഷയം പുനഃപരിശോധിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ തീരുമാനമെടുക്കാൻ ലോക്പാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഈ നിർദേശം പാലിക്കേണ്ടതില്ലെന്ന് ഇന്നലത്തെ വാദത്തിൽ സുപ്രീംകോടതി ലോക്പാലിനോട് പറഞ്ഞു. കൂടാതെ മഹുവയ്ക്കെതിരായ അന്വേഷണം തത്കാലം നിർത്തിവയ്ക്കാനും സുപ്രീംകോടതി നിർദേശിച്ചു.